അപ്പുക്കുട്ടന്‍റെ അതിമോഹം



    ചെറുകഥ                              അപ്പുക്കുട്ടന്‍റെ അതിമോഹം
                                                                                             By : JAYARAJ VARAVATH 

അപ്പുക്കുട്ടന്‍റെ അതിമോഹം...................      അപ്പുക്കുട്ടൻ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനാണ്l. പ്രത്യേകിച്ച് ആഗ്രഹങ്ങളോ അഭിലാഷങ്ങളോ കൂടാതെ സാധാരണ ജീവിതം നയിക്കുന്ന ഒരു വള്ളുവനാട്ടുകാരൻ.ആർക്ക് എന്ത് സഹായവും പ്രതിഫലം പോലും ആഗ്രഹിക്കാതെ ചെയ്തു കൊടുക്കുന്ന പരോപകാരി. നാട്ടിൽ പ്രധാനപ്പെട്ട ഉൽസവങ്ങൾ,കല്യാണം, കാതുകുത്ത് എന്നു വേണ്ട സകല സന്ദർഭങ്ങളിലും അപ്പുക്കുട്ടൻ അനിവാര്യൻ. വയസ്സ് നാൽപതുകഴിഞ്ഞെങ്കിലും ഇതുവരെയും ഒരു വിവാഹത്തെപ്പറ്റി ഇദ്ദേഹം ചി ന്തിച്ചിട്ടില്ല. "പരോപകാരാർത്ഥമിദം  ശരീരം "എന്നാണല്ലോ? ഒരു വിവാഹം അതിനു വിലങ്ങുതടിയായിപ്പോയാലോ എന്നദ്ദേഹം സംശയിക്കുന്നുണ്ടാവാം...
   
   വന്നു വന്ന് നാട്ടിൽ എന്തിനും ഏതിനും അപ്പുകുട്ടൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ പോലും ഉണ്ടായി.നാട്ടുകാർ  കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും ഗുളിക കാലം, യമകണ്ഡകാലം, എന്നിവക്കു പുറമെ  അപ്പുക്കുട്ടന്‍റെഒഴിവും നോക്കുക പതിവായി. അപ്പുക്കുട്ടന്‍റെ അസാന്നിധ്യത്തിൽ പല മംഗളകർമ്മങ്ങളും നീട്ടിവെക്കുക പോലും പതിവായി. ........ അങ്ങനെയി രിക്കുമ്പോൾ കുറേശ്ശെ കുറേശ്ശെയായി ഒരു ദുഷ്ചിന്ത അപ്പുക്കുട്ടന്‍റെമനസിൽ വന്നു തുടങ്ങി. " "നാട്ടിൽ ഇപ്പോൾ ഞാനില്ലാതെ ഒന്നും നേരേ ചൊവ്വേ നടക്കാത്ത അവസ്ഥയാണ് . അപ്പോൾ - " അകാലത്തിൽ എന്‍റെ  കണ്ണെങ്ങാനും അടഞ്ഞുപോയാൽ " ........അപ്പുകുട്ടന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. താനില്ലാത്ത ചിനക്കത്തൂര്‍  ദേശത്തെക്കുറിച്ച് ആലോചിക്കാൻ പറ്റാത്ത അവസ്ഥ. ഇടക്ക് ഒരാശ്വാസം.... ഞാനില്ലെങ്കിൽ പിന്നെ ചിന്തിക്കേണ്ടി  വരില്ലല്ലോ...... " ഞാനില്ലെങ്കിൽ ........ " ആ ചിന്ത അപ്പുക്കുട്ടനിൽ ഒരു നടുക്കമാണുണ്ടാക്കിയത്. ചിന്തകളില്ലാത്ത ഒരു ലോകത്ത് എങ്ങനെയാണ് ചിന്തിക്കാതിരിക്കുന്നത്. അനുഭവങ്ങളില്ലാത്ത ജീവിതം അനുഭവിക്കുന്നതെങ്ങിനെ? മരണാനന്തരം പല വിധത്തിൽ ജീവിതമുണ്ടെന്ന് ശാസ്ത്രങ്ങളിൽ പറഞ്ഞു കേൾക്കുന്നു. എന്നാൽ അത്തരം ശാസ്ത്രങ്ങളൊന്നും അപ്പുക്കുട്ടന് ഹൃദിസ്ഥമായിരുന്നില്ല. സപ്താഹങ്ങളിലും യജ്ഞങ്ങളിലും വിളക്കിൽ എണ്ണയൊഴിക്കുന്നതിലും തിരിയിടുന്നതിലുമായിരുന്നല്ലോ അയാളുടെ ശ്രദ്ധ......................      കൂടെക്കൂടെ ഭയം അയാളിൽ കൂടിക്കൂടി വന്നു. തന്നെ ഗ്രസിച്ചിരിക്കുന്നത് മരണഭയം തന്നെയാണെന്ന് താമസിയാതെ അയാള്‍  തിരിച്ചറിഞ്ഞു . ഒന്നിനും ഒരു സ്ഥിരതയില്ലാത്ത അവസ്ഥ. കാലയവനികക്കുള്ളിൽ എല്ലാം നിമിഷങ്ങൾ കൊണ്ട് അപ്രത്യക്ഷമാകുന്നു. സ്ഥിരം എന്ന വാക്കിന് എന്തർത്ഥം ? ഭാവി വരാനിരിക്കുന്നതേയുള്ളു. ഭൂതകാലം ആസ്വദിച്ചു കഴിഞ്ഞതാണ് .ഇപ്പോൾ എന്ന അവസ്ഥ യഥാർത്ഥത്തിൽ ഇല്ലാത്തതായി അപ്പുക്കുട്ടനു തോന്നി . ജീവിതത്തിൽ ഇന്നു വരെ തനിക്കു സന്തോഷം തന്നിരുന്ന അനുഭവങ്ങളെല്ലാം കാലികമാണെന്നും, നിലനിൽപ്പില്ലാ ത്തതാണെന്നും അപ്പുക്കുട്ടനു തോന്നി.'   ഇതു വരെ ജീവിതത്തിൽ  പരിചിതമല്ലാത്ത, വ്യത്യസ്ഥമായ പാതകളിലൂടെ അയാള്‍   സഞ്ചരിക്കാൻ തുടങ്ങി. ....................
           ഇത് അപ്പുക്കുട്ടന്‍റെപെരുമാറ്റത്തിൽ കുറച്ചൊന്നുമല്ല മാറ്റങ്ങൾ വരുത്തിയത്. കുറച്ചു നാൾക്കകം താടിയും മുടിയും നീട്ടി വളർത്തി ഒരു ഭിക്ഷക്കാരനെപ്പോല അലഞ്ഞു നടക്കുന്ന ഒരപ്പുക്കുട്ടനെയാണ് നാട്ടുകാർക്ക് കാണാൻ കഴിഞ്ഞത്.ഇതിനകം അപ്പുക്കുട്ടനക്കുറിച്ച് ചില കഥകളും നാട്ടിൽ പ്രചരിച്ചു തുടങ്ങി. ക്ഷേത്രത്തിൽ സപ്താഹത്തിനു വന്ന ഒരു സ്വാമിയുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നെന്നും അങ്ങനെ പകർന്നു കിട്ടിയ  ഒരു സിദ്ധിയാണെന്നും ഒരു കൂട്ടർ.അതല്ല അനങ്ങൻമലയിലെ ഒരാശ്രമത്തിൽ അദ്ദേഹം സ്ഥിരമായിപ്പോകാറുണ്ടായിരുന്നെന്നും  അവിടെ  ധ്യാനത്തിലമര്‍ന്നപ്പോള്‍  കിട്ടിയതെന്നും വേറൊരു കൂട്ടർ.അതല്ല പ്രേമനൈരാശ്യമാണെന്ന് ചിലർ അടക്കം പറയുന്നു മുണ്ടായിരുന്നു.
            സ്വന്തമായി വീടില്ലാത്തതിനാൽ അമ്പലത്തിന്‍റെആൽത്തറയിൽ ചിന്താമഗ്നനായി അപ്പുകുട്ടൻ ഇരിപ്പുറപ്പിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞു  വരുന്ന ഭക്തർ വച്ചു നീട്ടുന്ന പ്രസാദം അപ്പുക്കുട്ടന്‍റെആഹാരമായി. ഈയിടെ ചിലർ മകളുടെ വിവാഹം ഭാവി തുടങ്ങിയ കാര്യങ്ങൾ അറിയാൻ അദ്ദേഹത്തെ സമീപിച്ചു തുടങ്ങി. എന്നാൽ അപ്പുകുട്ടനിൽ നിന്നുയർന്നത് ചില ജൽപ്പനങ്ങളും നിശ്വാസങ്ങളും മാത്രമായിരുന്നു. സിദ്ധൻ നീണ്ട മൗനവൃതത്തിലാണെന്ന് ചിലർ. എന്നാൽ ക, പ, s യാദി സംഖ്യകൾ ഉപയോഗിച്ച് സിദ്ധന്‍റെപ്രവചനങ്ങൾ വ്യാഖ്യാനിക്കാൻ ഒരു ശാസ്ത്രികൾ രംഗ പ്രവേശം ചെയ്തതോടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി. സിദ്ധന്‍റെപ്രവചനങ്ങൾ ശാസ്ത്രികളിലൂടെ ജനം അറിഞ്ഞു . വിദൂരദേശങ്ങളിൽ നിന്നു പോലും നാനാജാതിമതസ്ഥർ സിദ്ധനെക്കാണാനെത്തി. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ആശ്രമവും ഭക്തർക്ക് വിശ്രമസ്ഥലവും പണിതു. കേട്ടവർ കേട്ടവർ വരവു തുടങ്ങി എന്ന അവസ്ഥയായി.ഓൺലൈൻ ബുക്കിങ്ങിനായി ഐ ടി വിദഗ്ദരെ തന്നെ കൊണ്ടുവന്നു. ബുക്കിങ്ങ് ആധാർ കാർഡുമായി ബന്ധിപ്പിച്ചത് ചിലരിൽ സംശയമുളവാക്കി. അപ്പുകുട്ടന്‍റെആരോഗ്യ കാര്യങ്ങൾ പോലും ആരും ശ്രദ്ധിക്കാതായി: സിദ്ധൻമാർക്ക് ഭക്ഷണം ആവശ്യമില്ലെന്ന് ഒരു പക്ഷം. എന്തായാലും  അപ്പുക്കുട്ടൻ നാൾക്കുനാൾ ഷീണിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്‍റെചിന്തകളെ ഗ്രസിച്ച ദുർഭൂതം കുറെശ്ശെയായി ശരീരത്തെയും കാർന്നുതിന്നാൻ തുടങ്ങിയിരുന്നു. ഇനിയും താമസിച്ചാൽ അശുഭകരമായതെന്തങ്കിലും സംഭവിക്കും എന്നഭയം നാട്ടുകാർക്കും അയൽക്കാർക്കുമുണ്ടായി. അവർ എല്ലാവരും ചേർന്ന് അപ്പുക്കുട്ടനെ സ്ഥലത്തെ പ്രധാന വൈദ്യന്‍റെഅടുത്തു കൊണ്ടു പോയി.....ഒരു പ്രാചീന ക്ഷേത്രം പോലെ തോന്നിക്കുന്ന പഴയ നാലു കെട്ട് . മുറ്റത്ത് തലമുറകളുടെ സ്മൃതികൾ  പേറുന്ന കൂറ്റൻ ഒരാൽ മരം .പുരയിടമാകെ കാടുപിടിച്ചു കിടക്കുന്നു . പ്രാചീന ശിലാക്ഷേത്രങ്ങൾ നിലനിന്നിരുന്നതിന്‍റെഅവശിഷ്ഠങ്ങൾ തൊടിയിൽ കാണാം. "കാഴ്ചകൾ പകൽ തന്നെ ഇത്ര ഭീകരമാണെങ്കിൽ നേരം വൈകിയാലുള്ള അവസ്ഥ എന്തായിരിക്കും." കൂടി നിന്നവർ പരസ്പരം പറഞ്ഞു. "രാത്രിയിൽ ഇവിടങ്ങളിൽ ബ്രഹ്മരക്ഷസ്സുകളുടെ വിഹാരകേന്ദ്രമാണ് " മറ്റൊരാൾ. എല്ലാവരും അക്ഷമരായി വൈദ്യരുടെ വരവും കാത്തിരിക്കുകയാണ് .ഉമ്മറത്തെ കോലാ യി ൽ അർദ്ധ പ്രാണനായിക്കിടക്കുന്ന അപ്പുക്കുട്ടനെ അവർ ഇടക്കിടെ ശ്രദ്ധിക്കുന്നുമുണ്ട്. " ഇനിയും താമസിച്ചു കൂട" വൈദ്യരെക്കാണാനില്ലല്ലോ? മറ്റൊരാൾ. നാലു കെട്ടിന്‍റെഅകത്തളങ്ങളിൽ ഏകാന്തവാസം അനുഷ്ഠിക്കുന്ന അയാൾ എന്തായിരിക്കും ചെയ്യുന്നത്. അഷ്ടാംഗയോഗങ്ങളിൽ തന്‍റെരോഗികൾക്കായുള്ള  ഔഷധക്കൂട്ടുകൾ പരതുകയാവാം. എല്ലാവരുടെയും കാത്തു നിൽപ്പിന് അറുതി വരുത്തിക്കൊണ്ട് പെട്ടന്നായിരുന്നു വൈദ്യർ കടന്നു വന്നത്. എല്ലാവരും അന്തം വിട്ടു പോയി. വന്നിരിക്കുന്നത് സാക്ഷാൽ അഗസ്ത്യരാണോ എന്നു പോലും തോന്നിപ്പോകും . അത്രക്കു തേജസ്സ്. പടിയിൽ കിടത്തിയിരിക്കുന്ന അപ്പുക്കുട്ടനു നേരതിരിഞ്ഞു. വൈദ്യർ:" എവിടന്നു കിട്ടി ഈ സാധനത്തിനെ? " കൂടി നിന്നവർ: കുറച്ചു ദിവസമായി ധ്യാനത്തിലായിരുന്നു .വൈദ്യർ: ഉം.... ബോധം അശേഷം ല്യ. കുട്ടുകാരൻ: എന്തോ സിദ്ധികിട്ടീന്നാ പറയണത്. വൈദ്യർ: അപ്പുക്കുട്ടന്‍റെനാഡി  പിടിച്ച് നോക്കി അൽപ നേരം ചിന്തയിലാണ്ടു. " ഇങ്ങനെ പോയാൽ സിദ്ധികൂടാൻ വല്യ താമസംണ്ടാവില്ല. കൂടി നിന്നവരോടായി വൈദ്യർ : വാരുണീ സേവ പതിവുണ്ടോ? കൂട്ടുകാർ മനസ്സിലാകാതെ പരസ്വരം നോക്കുന്നു വീണ്ടും: വൈദ്യർ: അതായത് മദ്യം  കൂട്ടുകാർ: ഇല്ല .വൈദ്യർ: വീര്യം കൂടിയതു വല്ലതും ,ഗഞ്ച ,സിദ്ധി, സാമി അങ്ങനെ......... ഒന്നുമില്ലെന്ന മട്ടിൽ കൂട്ടുകാർ തലയാട്ടുന്നു. വൈദ്യർ: പുത്രകളത്രാദികൾ ?    കൂട്ട്കാർ: വിവാഹം കഴിച്ചിട്ടില്ല,  വൈദ്യർ: ഏഭ്യൻ. ...അപ്പുക്കുട്ടനു നേരേ തിരിഞ്ഞ് മൊന്തയിലെ വെള്ളം ശക്തമായി അപ്പുകുട്ടന്‍റെ  മുഖത്തു തളിച്ചു .മുഖത്തു വെള്ളം വീണതും അപ്പുക്കുട്ടൻ എഴുന്നേറ്റിരുന്നു.   വൈദ്യർ വിശദമായ പരിശോധനകൾക്കു ശേഷം അപ്പുക്കുട്ടനോട് ചോദിച്ചു . ശാസ്ത്ര പ്രകാരം  ആഗ്രഹങ്ങളിൽ നിന്നാണ് രോഗങ്ങളുടെ തുടക്കം എന്നും പറയാം , ആട്ടെ .... എന്താ തനിക്ക് പറ്റിയത്.   
അപ്പു : എനിക്ക് ഒരു നൂറ്റി ഇരുപതു വയസ്സുവരെ ജീവിക്കണം .
വൈദ്യർ: അപ്പോൾ മരണഭയം തന്നെ.... സംശല്യ .പിന്നെ?
അപ്പു: പിന്നെ ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല , കാല പ്രവാഹത്താൽ ഒന്നിനും ഒരു നിലനിൽപ്പില്ലാത്ത പോലെ.
വൈദ്യർ: അത് മുൻപും അങ്ങനെ തന്നെ ആയിരുന്നില്ലേ . അപ്പോൾ തോന്നാത്ത പ്രശ്നം ഇപ്പോൾ എങ്ങനെയുണ്ടായി. "പാശ്ചാത്യർ ഇതിനെ ക്രോണോ ഫോബിയ എന്നു പറയും " മാത്രമല്ല കാലം അതിന്‍റെമായാപ്രയാണം നടത്തുന്നതു കൊണ്ടല്ലേ നമുക്ക് ജീവിതം ആസ്വദിക്കാൻ കഴിയുന്നത്. കാലം നിന്നുപോയാലുള്ള ഭീകരാവസ്ഥയേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ താൻ ?...
              അപ്പുക്കുട്ടൻ കൂടുതൽ  വൈദ്യരുടെ അടുത്തേക്ക് നീങ്ങിയിരുന്നു അദേഹത്തിന്‍റെകണ്ണുകളിൽ നിർനിമേഷനായി നോക്കിയിരുന്നു. അടുത്ത ചോദ്യം ജീവിതത്തിന്‍റെഅസ്ഥിത്വത്തെ കുറിച്ചായിരുന്നു.  പ്രപഞ്ചം എങ്ങിനെയുണ്ടായി , ഞാൻ എവിടെ നിന്നു വന്നു എവിടേക്കു പോകുന്നു ഈ ജീവിതത്തിന്‍റെഅർത്ഥമെന്താണ് ?.,,അപ്പുക്കുട്ടന്‍റെ  ചോദ്യങ്ങൾ ഉത്കണ്ഠ  നിറഞ്ഞതായിരുന്നു
വൈദ്യർ: നിനക്ക് അറിവില്ലാത്ത വിഷയത്തെക്കുറിച്ച് എനിക്ക് എന്തു പദേശവും തരാം, ഏതു ഗ്രന്ഥവും വായിക്കാൻ നിന്നോടാവശ്യപ്പെടാം എന്നാൽ അനുഭവത്തിൽ വരാത്തത്  പൂർണ്ണമായും വിശ്വസിക്കാൻ ആർക്കും സാധിക്കില്ല.വൈദ്യർ പറഞ്ഞു നിർത്തി. വൈദ്യരുടെ  കണ്ണുകളിൽ അണ്ഡകടാഹത്തിന്‍റെഅഗാധനീലിമ അവൻ ദർശിച്ചു. സ്വച്ച സാന്ദ്രമായ ഒരു പ്രകാശം തന്നിലേക്ക് പ്രവേശിക്കുന്നതായി   അയാള്‍ക്ക് തോന്നി. സൂര്യനെക്കാണുമ്പോൾ മഞ്ഞുരുകുന്നതു പോലെ അയാളുടെ വ്യാകുലതകൾ അലിഞ്ഞഞ്ഞലിഞ്ഞില്ലാതെയായി. സാവധാനം ഒരു മയക്കം കൺപോളകളെ തലോടുന്ന തായി അയാള്‍ക്ക് തോന്നി. പാതി മയക്കത്തിൽ വൈദ്യരുടെ വാക്കുകൾ അവന്‍റെകാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.നിന്‍റെ ശരീരവും അതുൾക്കൊള്ളുന്ന മനസ്സും  ഓർമ്മകളുടെയും  വാസനകളുടെ ഒരു മഹാഭണ്ഡാരമാണ് .അതിലെ ഓരോ തൻമാത്രകളും ആദികാലം തൊട്ടേ പ്രയാണം തുടങ്ങിയതാണ്. യഥാർത്ഥത്തിൽ എല്ലാം സംഭവിക്കുന്നത് നിന്നിൽ തന്നെയാണ് . അവിടെ  രണ്ടു ചിന്തകൾ തമ്മിലുള്ള അകലം നീ കാലമായിക്കണക്കാക്കുന്നു എന്നു മാത്രം . ചിന്തകളെല്ലാം അടങ്ങി മനസ്സ് നിശ്ചലമായിരിക്കുമ്പോൾ കാലത്തിന്  നിന്നിലേക്ക് പ്രവേശിക്കാൻ സാധ്യമല്ല .ആയതിനാൽ ഇല്ലാത്തതിനെക്കുറിച്ച് വ്യാകുലപ്പെടുന്നതിൽ എന്തർത്ഥമാണുള്ളത്. പിന്നെ നിന്നെക്കുറിച്ച് മറ്റാരെക്കാളും അറിയുന്നത് നിനക്കു മാത്രമാണ് .  അതു കൊണ്ട് മനസ്സ് ശാന്തമായിരിക്കുമ്പോൾ നീ നിന്നോടു തന്നെ ചോദിക്കുക നീ ആരാണെന്ന് .തീർച്ചയായും ഉത്തരം ലഭിക്കും ഇന്നല്ലെങ്കിൽ നാളെ അതിനു തയ്യാറായിരിക്കുക .......
          കുറച്ചു നേരത്തെ മൗനത്തിനു ശേഷം  വൈദ്യർ അൽപ്പം ചിരിച്ചു കൊണ്ട്  ഒരു നേരമ്പോക്കെന്ന പോലെ അപ്പുക്കുട്ടനോടു പറഞ്ഞു. ഇപ്പറഞ്ഞത്   കൂടാതെ  വേറൊന്നുണ്ട്‌ "പുരാണങ്ങളുടെ  കൂട്ടത്തിൽ ചാർവാക  സംഹിത എന്ന ഒരു പ്രാചീനഗ്രന്ഥമുണ്ട് അതും ഇടക്കിടെ സേവിക്കാം "..ഈ അസ്ക്യതകളൊക്കെ മാറിക്കിട്ടും....അല്ലാതെ ഇതിന് പ്രത്യേക ഔഷധസേവ യൊന്നും ആവശ്യമില്ല. കഴിഞ്ഞ തെല്ലാം ഒരു സ്വപ്നം പോലെ കരുതുക. ഇപ്പോൾ പൊയ്ക്കൊൾക, ഇനിയും വരണം ........  സാവധാനം മയക്കത്തിൽ നിന്നുണർന്ന അപ്പുക്കുട്ടൻ പുതിയൊരു ലോകത്തായിരുന്നു. ഇതുവരെ താൻ കൽപ്പിച്ചു കൂട്ടിയതെല്ലാം അസംബന്ധങ്ങളായിരുന്നു എന്നവന് മനസ്സില്ലായി . യാത്ര പറഞ്ഞ് ആ ശ്രമകവാടവും കടന്ന് അയാൾ  ഇടവഴിയിലെത്തി . അങ്ങകലെ പടിഞ്ഞാ റെ ചക്രവാളത്തിൽ സൂര്യൻ വിശ്രമിക്കാനുള്ള തിടുക്കത്തിലാണ്. ഇരുട്ടിന്‍റെ  മറപറ്റി സ്വന്തം കർമ്മകാണ്ഡത്തിലേക്ക്  അലസനായി നടക്കുമ്പോഴും അയാളുടെ  ചിന്ത  വൈദ്യൻ കൽപ്പിച്ച ചാർവാക സംഹിതയെക്കുറിച്ച് മാത്രമായിരുന്നു........ ഒന്നും സംഭവിക്കാത്ത മട്ടിൽ കാല ചക്രം അനുസ്യൂതം കറങ്ങിക്കൊണ്ടേയിരു ന്നു.  വൈദ്യരുടെ ഉപദേശം കൊണ്ടോ ചാർവാക്യ സേവ കൊണ്ടോ എന്തോ അപ്പുക്കുട്ടൻ അതിവേഗം  സുഖം പ്രാപിക്കുകയും ചെയ്തു .............

Comments

  1. നാശോന്മുഖമായിരിക്കുന്ന മലയാള ചെറുകഥാ ശാഖയെ ഉദ്ധരിക്കുവാന്‍ വളരെ പ്രശംസനീയമായ ഒരു ശ്രമം തന്നെ ഈ ബ്ലോഗ്‌ എന്ന് പറയട്ടെ ....
    എന്തായാലും തുടക്കം അതി ഗംഭീരം തന്നെ ..ശ്രീ ജയരാജിന്‍റെ കഥ വളരെ നന്നായിട്ടുണ്ട് ,,..അതിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രം നമ്മളോരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന ഉത്തരം കിട്ടാത്ത ആ ചിന്തകളെ ഉണര്ത്തുന്നു ...വാസ്തവത്തില്‍ ഇത് തന്നെയല്ലേ നമ്മുടെയൊക്കെ വ്യസനം .....എന്തായാലും .....ഭാവുകങ്ങള്‍
    പീയുഷ്

    ReplyDelete
  2. charvakya samhitha still feels like a mystry

    ReplyDelete
  3. നല്ല കഥ, നല്ല ഭാഷ

    ReplyDelete

Post a Comment

Popular posts from this blog

പ്രസാധകക്കുറിപ്പ്‌

ചരിത്രത്തിന്‍റെ ഓടാമ്പല്‍